കൊച്ചി: വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഐഎം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഫെബ്രുവരി നാലിന് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം വേണമെന്നതായിരുന്നു ആവശ്യം. പരിപാടി അലങ്കോലപെടുത്താൻ സാധ്യതയുണ്ട്. നേരത്തെ ബിജെപി – സിപിഎം സംഘർഷം ഉണ്ടായിരുന്നു ഇത് എല്ലാം പരിഗണിച്ചാണ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടത്.
പയ്യന്നൂർ എംഎൽഎ ടി ഐ മധുസുദനനെതിരെ ഗുരുതര ആരോപണങ്ങളാണ് വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളത്. ടി ഐ മധുസൂദനൻ പാർട്ടിയിൽ ചെറുഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നും പയ്യന്നൂരിലെ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ നോക്കിയെന്നുമാണ് കുറ്റപ്പെടുത്തൽ. എന്നാൽ, നേതൃത്വം മധുസൂദനനെ രക്ഷിച്ചെന്നും പുസ്തകത്തിൽ വിമർശനമുണ്ട്. 16 അധ്യായങ്ങളും 96 പേജുകളുമുള്ള ‘നേതൃത്വത്തെ അണികൾ തിരുത്തണ’മെന്ന പുസ്തകത്തിലാണ് പരാമർശം. ‘പാർട്ടി ഏരിയ കമ്മിറ്റി ‘ എന്ന അധ്യായത്തിലാണ് വിമർശനമുന്നയിച്ചിട്ടുള്ളത്.
പുസ്തകപ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. തനിക്ക് ഒരു ഭീതിയും ഇല്ലെന്നും തന്നെ ആക്രമിക്കണമെങ്കിൽ എപ്പോൾ വേണമെങ്കിലും ആകാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിൽ കോൺഗ്രസ് – ബിജെപി പ്രകടനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. പുസ്തക പ്രകാശന ചടങ്ങ് അലോങ്കാലപ്പെടുമെന്ന് ആശങ്കയുണ്ട്. എസ് പിക്കും കത്ത് നൽകിയിരുന്നു – അദ്ദേഹം പറഞ്ഞു.
