കൊച്ചി: ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഐഎം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. ഫെബ്രുവരി നാലിന് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം വേണമെന്നതാണ് ആവശ്യം. പരിപാടി അലങ്കോലപെടുത്താൻ സാധ്യതയുണ്ട്. നേരത്തെ ബിജെപി – സിപിഎം സംഘർഷം ഉണ്ടായിരുന്നു ഇത് എല്ലാം പരിഗണിച്ചാണ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
പയ്യന്നൂർ എംഎൽഎ ടി ഐ മധുസുദനനെതിരെ ഗുരുതര ആരോപണങ്ങളാണ് വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളത്. ടി ഐ മധുസൂദനൻ പാർട്ടിയിൽ ചെറുഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നും പയ്യന്നൂരിലെ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ നോക്കിയെന്നുമാണ് കുറ്റപ്പെടുത്തൽ. എന്നാൽ, നേതൃത്വം മധുസൂദനനെ രക്ഷിച്ചെന്നും പുസ്തകത്തിൽ വിമർശനമുണ്ട്. 16 അധ്യായങ്ങളും 96 പേജുകളുമുള്ള ‘നേതൃത്വത്തെ അണികൾ തിരുത്തണ’മെന്ന പുസ്തകത്തിലാണ് പരാമർശം. ‘പാർട്ടി ഏരിയ കമ്മിറ്റി ‘ എന്ന അധ്യായത്തിലാണ് വിമർശനമുന്നയിച്ചിട്ടുള്ളത്.
പുസ്തകപ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. തനിക്ക് ഒരു ഭീതിയും ഇല്ലെന്നും തന്നെ ആക്രമിക്കണമെങ്കിൽ എപ്പോൾ വേണമെങ്കിലും ആകാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിൽ കോൺഗ്രസ് – ബിജെപി പ്രകടനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. പുസ്തക പ്രകാശന ചടങ്ങ് അലോങ്കാലപ്പെടുമെന്ന് ആശങ്കയുണ്ട്. എസ് പിക്കും കത്ത് നൽകിയിരുന്നു – അദ്ദേഹം പറഞ്ഞു.
