കൊല്ലം: ഇടത് നിരീക്ഷകൻ എന്നനിലയിൽ ചാനൽ ചർച്ചകളിൽ സജീവമായിരുന്ന സി.പി.എമ്മിലെ ബി.എൻ. ഹസ്കർ, ജില്ലയിലെ മുതിർന്ന സി.പി.ഐ. നേതാവ് എ. മുസ്തഫ എന്നിവർ ആർ.എസ്.പി.യിൽ ചേർന്നു. ചവറയിൽ നടന്ന ബേബിജോൺ അനുസ്മരണ സമ്മേളനത്തിൽ ഇരുവരും പാർട്ടിയിൽ ചേരുകയായിരുന്നു. സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് അംഗം എൽ.ഡി.എഫ്. ചടയമംഗലം നിയോജകമണ്ഡലം കൺവീനർ , ചടയമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്, ജില്ലാപഞ്ചായത്ത് അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എ. മുസ്തഫ.
മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെത്തുടർന്ന് സി.പി.എം. വിലക്ക് നേരിട്ട ബി.എൻ. ഹസ്കർ ആർ.എസ്.പി.യിലേക്ക് പോകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറിൽ കയറ്റിയതിനെയാണ് ചാനൽ ചർച്ചയിൽ ഹസ്കർ വിമർശിച്ചത്. മൂന്നുതവണ കൊട്ടാരക്കര എം.എൽ.എ.യും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അയിഷാപോറ്റി സി.പി.എം. ജില്ലാ കമ്മിറ്റി അംഗം സുജാ ചന്ദ്രബാബു എന്നിവർ അടുത്തിടെ പാർട്ടി വിട്ടിരുന്നു. അയിഷാപോറ്റി കോൺഗ്രസിലും സുജാ ചന്ദ്രബാബു മുസ്‌ലിം ലീഗിലും ചേരുകയും ചെയ്തു.
ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യു.ഡി.എഫ്. പ്രവേശം.
