അജിത് പവാറിന്റെ മരണാനന്തര ചടങ്ങൾക്ക് ശേഷം ലയന ചർച്ച തുടരാൻ എൻസിപിയിൽ തീരുമാനം

മുംബൈ: മഹാരാഷ്‌ട്രയിൽ ഉപമുഖ്യമന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം പാർട്ടി അധ്യക്ഷനുമായ അജിത് പവാർ വിമാന അപകടത്തിൽ മരിച്ചതിന് ശേഷവും എൻസിപിയിൽ ലയന ചർച്ച തുടരാൻ തീരുമാനം. എൻസിപിയുടെ ഇരു വിഭാഗങ്ങളും ലയിക്കാൻ ഇപ്പോഴും താല്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ അജിത് പവാറിൻ്റെ സ്ഥാനത്തേക്ക് കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്.

എൻഡിഎ മന്ത്രിസഭയിലുള്ള അജിത് പക്ഷക്കാർ ആരും അധികാരം ഉപേക്ഷിക്കാൻ തയാറാകില്ലെന്നും സുനേത്ര പവാറിനെയോ പ്രഫുൽ പട്ടേലിനെയോ ഇടക്കാല പ്രസിഡന്റ് ആയി തിരഞ്ഞെടുത്തേക്കുമെന്നും ഒരു വിഭാഗം പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. ഈ സാഹചര്യത്തിൽ നേരത്തെ നടത്തിയ ചർച്ച അജിത് പവാറിൻ്റെ മരണാനന്തര ചടങ്ങൾക്ക് ശേഷവും തുടരാനാണ് സാധ്യത. നേരത്തെ ഫെബ്രുവരി 8ന് എൻസിപിയുടെ രണ്ട് വിഭാഗങ്ങളും ലയിക്കാൻ അജിത് പവാറിൻ്റെ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുകയായിരുന്നു.

കഴിഞ്ഞ 17ന് നിർണ്ണായക ചർച്ച നടന്നതായുള്ള വിവരവും പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് വിമാനാപകടത്തിൽ അജിത് പവാർ മരണമടഞ്ഞത്. രണ്ട് എൻസിപികളും വീണ്ടും ഒന്നായി ശരദ് പവാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാനായിരുന്നു ധാരണ. ഈ ഘട്ടത്തിലാണ് വിമാനാപകടമുണ്ടാകുന്നതും അജിത് പവാർ മരണമടയുന്നതും.

Leave a Reply

Your email address will not be published. Required fields are marked *