ന്യൂഡൽഹി: അഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. ഹൈക്കോടതിയുടെ ഉത്തരവ് അധികാര പരിധിക്ക് പുറത്തുള്ളതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജിക്ക് എതിരായ കണ്ടെത്തലുകൾ നിലവിൽ പ്രസക്തമല്ലെന്നും അതിലേക്ക് കടക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിലക്ക് ഒഴിവായത്തോടെ കെഎം ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം.
എംഎൽഎയായി തുടരാമെങ്കിലും വോട്ടിങ്ങിന് അനുവാദമില്ലെന്നത് ഉൾപ്പടെയുള്ള ഉപാധികളോടെയായിരുന്നു സ്റ്റേ. 2016ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഷാജിക്ക് വിധിച്ച അയോഗ്യത ഇപ്പോഴും നിലനിൽക്കുകയാണെന്ന് എം വി നികേഷ്‌കുമാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടർന്ന്, അയോഗ്യതാവിഷയത്തിൽ വിശദമായ വാദം കേൾക്കാമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച് അറിയിക്കുകയായിരുന്നു.
