‘സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവർന്നെടുക്കുന്നു’; ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിൽ അർഹതപ്പെട്ട 17000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് അവകാശപ്പെട്ട 17,000 കോടി രൂപ ഈ വർഷം മാത്രം വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ അവസാനത്തിന്റെ ആരവം കുറിച്ചു കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന് 2000 കോടി അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.

കടുത്ത അവഗണന ഇല്ലായിരുന്നില്ലെങ്കിൽ കേരളം എത്രത്തോളം ഉയരും എന്നതാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അവഗണനക്കിടയിലും പിടിച്ചുനിർത്താനായത് അധിക വരുമാനം പിരിച്ചെടുക്കാൻ സാധിച്ചത് കൊണ്ടാണ്. ധനമന്ത്രിയുടെ കൈയിലെ മാന്ത്രിക ദണ്ഡ് അതായിരുന്നു – അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവർന്നെടുക്കുന്നുവെന്ന് പറഞ്ഞ ധനമന്ത്രി സാമ്പത്തിക അവഗണനയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ബജറ്റിൽ രേഖപെടുത്തുന്നുവെന്നും വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾക്കു മേലുള്ള കേന്ദ്ര കടന്നു കയറ്റത്തിന് എതിരെയാണ് ഇനിയുള്ള നാളുകളിൽ പോരാടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു. സംസ്ഥാനത്തിന്റെ വായ്പ പരിധിയിൽ വലിയ വെട്ടിക്കുറവ് ഉണ്ടായി. ജിഎസ്ടി നിരക്ക് കേന്ദ്രം ഏകപക്ഷീയമായി വെട്ടികുറക്കുന്നു. സംസ്ഥാനം ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നൽകുന്നില്ല. കേന്ദ്രത്തിൽ നിന്നുള്ള ആനുകൂല്യം വാങ്ങിയെടുക്കുന്നതിൽ ഒത്തൊരുമ ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര അവഗണനയുടെ വാർത്ത വരുമ്പോൾ ആഘോഷിക്കുന്നവർ നമ്മുടെ കൂട്ടത്തിലുണ്ട്. പ്രകൃതി ദുരന്തത്തിലും ഈ അവഗണന കണ്ടുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *