മുംബൈ: വിമാന അപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത്ത് പവാറിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ബാരാമതിയിലെ വിദ്യാ പ്രതിഷ്സ്ഥാൻ മൈതാനത്ത് രാവിലെ 11 മണിയോടെ നടക്കും. അജിത്ത് പവാറിനൊപ്പം അപകടത്തിൽ മരിച്ച മറ്റ് നാലുപേരുടെ മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടുനൽകും.
അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം തുടങ്ങി. വിദഗ്ധസംഘം ഇന്നലെ അപകടം നടന്ന ബാരാമതി വിമാനത്താവളത്തിലേക്ക് എത്തിയിരുന്നു. സംസ്ഥാന സർക്കാറിന്റെ അഭ്യർത്ഥന മാനിച്ച് വ്യോമസേന ബാരാമതി എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ഉപമുഖ്യമന്ത്രി എക്‌നാഥ് ഷിൻഡ തുടങ്ങിയവർ ഇന്നലെ തന്നെ ബാരാമതിയിൽ എത്തിയിരുന്നു. ദുരന്തത്തെ തുടർന്ന് മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
