ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്സ്. ഉച്ചയോടെ ഡൽഹി കേരള ഹൗസിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കേരളത്തിലെ നേതാക്കളുമായി ചർച്ചനടത്തും. മത്സരിക്കാനില്ലെന്ന് കെ ബാബു നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്. എൽദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരിൽ നിന്നും മാറ്റില്ല. തൃക്കാക്കരയിൽ ഉമതോമസ് തുടർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇന്നത്തെ ചർച്ചയിൽ തീരുമാനങ്ങൾ എടുക്കും. ഡൽഹിയിലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് ചർച്ചകളുമായി ബന്ധപ്പെട്ട ചോദ്യത്തിൽ രമേശ് ചെന്നിത്തല പ്രതികരിച്ചില്ല.
കെപിസിസി ഭാരവാഹികൾ, പ്രതിപക്ഷ നേതാവ്, പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയുള്ള സ്ഥാനാർഥികളുടെ പേര് ചർച്ച ചെയ്യും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മൽസരത്തിനിറങ്ങിയാൽ അധ്യക്ഷ ചുമതല താത്കാലികമായി കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യും. തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ പാർട്ടി സ്വീകരിക്കേണ്ട നയവും യോഗത്തിൽ തീരുമാനിക്കും.
നിയമസഭ തിരഞ്ഞെടുപ്പിന്റെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഫെബ്രുവരി ആദ്യവാരം ഉണ്ടായേക്കും. സിറ്റിംഗ്, സംവരണ സീറ്റുകളിലെ പട്ടിക ആദ്യം പ്രഖ്യാപിക്കും. പാലക്കാട്, തൃപ്പൂണിത്തുറ സീറ്റുകളിലെ സ്ഥാനാർഥികളെ പിന്നീടായിരിക്കും പ്രഖ്യാപിക്കുക.
