ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്റെ ജാമ്യഹർജിയിൽ ഇന്ന് വിധി പറയും

കൊല്ലം: ദ്വാരപാലക ശിൽപ കേസിലും കട്ടിള പാളി കേസിലും ഒന്നിച്ച് അറസ്റ്റ് ചെയ്ത മുൻ അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായി. ജാമ്യം ലഭിച്ചാൽ കേസിൽ ജയിൽ മോചിതനാകുന്ന ആദ്യയാളാകും മുരാരി ബാബു.

പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദം. ജാമ്യഹർജിയിൽ ഇന്ന് വിജിലൻസ് കോടതി വിധി പറയും. വരും ദിവസങ്ങളിൽ കേസിലെ മറ്റു പ്രതികളും ജാമ്യഹർജി സമർപ്പിക്കും. അതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ റിമാൻഡ് കാലാവധി ഇന്ന് വീണ്ടും നീട്ടി നൽകും.

കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉന്നതതല ബന്ധങ്ങൾ കേന്ദ്രീകരിച്ച് എസ്‌ഐടിയുടെ അന്വേഷണം നടത്തും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ രണ്ട് ഫോണുകളുടെ സിഡിആർ ആണ് എസ്‌ഐടി ശേഖരിച്ചു പരിശോധിച്ചത്. രാഷ്ട്രീയ നേതാക്കളും പൊലീസ് ഉന്നതരും വരെ പോറ്റിയുടെ അടുപ്പക്കാരെന്നാണ് കണ്ടെത്തൽ. ഫോൺ വിളികളിൽ നിന്നും സന്ദേശങ്ങളിൽ നിന്നും നിർണായക വിവരങ്ങൾ എസ്‌ഐടിക്ക് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *