സനാതന ധർമ്മ പരാമർശം: ഉദയനിധി സ്റ്റാലിൻ നടത്തിയത് വിദ്വേഷ പ്രസംഗമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദപരമായ പരാമർശങ്ങൾ വിദ്വേഷ പ്രസംഗമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷണം. ഒരു പൊതു പരിപാടിയിൽ സംസാരിക്കവേയായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശങ്ങൾ. “ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അവ ഉന്മൂലനം ചെയ്യപ്പെടണം. പകർച്ചപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല; അവയെ നശിപ്പിക്കാൻ നമുക്ക് കഴിയണം.

അതുപോലെ, സനാതനത്തെ എതിർക്കുന്നതിനു പകരം അതിനെ ഉന്മൂലനം ചെയ്യണം.”, എന്നാണ് ഉദയനിധി പറഞ്ഞത്. സാമൂഹിക നീതിക്കും സമത്വത്തിനും സനാതന ധർമ്മം അടിസ്ഥാനപരമായി എതിരാണെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിഭജനങ്ങളെ അത് ഉറപ്പിക്കുന്നുവെന്നും ഉദയനിധി കൂട്ടിച്ചേർത്തു. 2023 സെപ്റ്റംബറിലാണ് ഉദയനിധി സ്റ്റാലിൻ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പരാമർശങ്ങൾ നടത്തിയത്. ദ്രാവിഡ കഴകവും (ഡി.കെ) തുടർന്ന് ഡി.എം.കെ ( ദ്രാവിഡ മുന്നേറ്റ കഴകം)വും 100 വർഷമായി ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തുന്നുണ്ടെന്നും മന്ത്രി അതേ പ്രത്യയശാസ്ത്രപരമായ പരമ്പരയിൽപ്പെട്ടയാളാണെന്നും ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞു.

വിദ്വേഷ പ്രസംഗങ്ങൾക്ക് തുടക്കമിടുന്നവർ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന ആശങ്കയും കോടതി രേഖപ്പെടുത്തി. “കഴിഞ്ഞ 100 വർഷമായി ദ്രാവിഡ കഴകവും തുടർന്ന് ദ്രാവിഡ മുന്നേറ്റ കഴകവും ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തിയിട്ടുണ്ട് എന്നത് വ്യക്തമാണ്, മന്ത്രി ആ കൂട്ടത്തിൽപ്പെട്ടയാളാണ്. മൊത്തത്തിലുള്ള സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ, മന്ത്രിയുടെ പ്രസംഗത്തിൽ മറഞ്ഞിരിക്കുന്ന അർഥം ഹർജിക്കാരൻ ചോദ്യം ചെയ്തതായി കാണുന്നു,” ഹൈക്കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *