വിരമിക്കൽ പ്രഖ്യാപിച്ച് ബാഡ്മിൻറൺ താരം സൈന നെഹ്‍വാൾ

ന്യൂഡൽഹി: ബാഡ്മിൻറൺ കോർട്ടിൽ വിസ്മയങ്ങൾ തീർത്ത് ഇന്ത്യക്ക് അഭിമാനമായ സൈന നെഹ്‍വാൾ വിരമിച്ചു. കാൽമുട്ടിനേറ്റ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളുമാണ് 35ാം വയസിലെ വിരമിക്കലിക്കലിന് കാരണം. കഴിഞ്ഞ രണ്ടു വർഷമായി കടുത്ത മുട്ടുവേദനയെ തുടർന്ന് സൈന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തൻറെ ശരീരത്തിന് ഇനി കഴിയില്ലെന്ന് വ്യക്തമാക്കിയാണ് താരം വിരമിക്കൽ സ്ഥിരീകരിച്ചത്. പോഡ്‍കാസ്റ്റിലൂടെയാണ് ഇക്കാര്യം താരം അറിയിച്ചത്.

2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന, ബാഡ്മിൻറൺ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരമാണ്. രണ്ടു പതിറ്റാണ്ടോളം നീണ്ട സൈനയുടെ കരിയർ ബാഡ്മിൻറണെ ഇന്ത്യയിൽ കൂടുതൽ സ്വാധീനമുണ്ടാക്കുന്നതിനും നിർണായകമായിരുന്നു. 2016ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്. അതിനുശേഷം 2017ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടിയിരുന്നു.

തൻറേതായ നിബന്ധനകളിലാണ് കായികരംഗത്തേക്ക് വന്നതെന്നും ഇപ്പോൾ അതേ കാരണങ്ങളാലാണ് പോകുന്നതെന്നുമാണ് സൈന പോഡ് കാസ്റ്റിലൂടെ വ്യക്തമാക്കിയത്. അതിനാൽ തന്നെ വലിയൊരു ഔദ്യോഗിക പ്രഖ്യാപനത്തിൻറെ ആവശ്യമില്ലെന്ന തോന്നിയെന്നും സൈന പറഞ്ഞു. 2023ലെ സിംഗപ്പൂർ ഓപ്പണിലാണ് താരം അവസാനമായി ഒരു മത്സരത്തിൽ പങ്കെടുത്തത്. തൻറെ മുട്ടിലെ തരുണാസ്ഥി പൂർണമായും നശിച്ചുവെന്നും തനിക്ക് ആർത്രൈറ്റിസ് ബാധിച്ചുവെന്നും സൈന വെളിപ്പെടുത്തി. മുമ്പ് എട്ടു മുതൽ ഒൻപത് മണിക്കൂർ വരെ പരിശീലിച്ചിരുന്നുവെങ്കിൽ ഇപ്പോൾ രണ്ടു മണിക്കൂർ പരിശീലിക്കുമ്പോഴേക്കും മുട്ട് വേദന കഠിനമാകുകയാണെന്നും താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *