തമിഴ്നാട്ടിൽ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ ഇറങ്ങിപ്പോയി, നിയമസഭയെ അവഹേളിച്ചെന്ന് സ്റ്റാലിൻ

ചെന്നൈ: ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്ന തമിഴ്നാട്ടിൽ ഗവർണർ ആർഎൻ രവി നയപ്രഖ്യാപന പ്രസംഗം നടത്താതെ ഇറങ്ങിപ്പോയി. ഗവർണർ ഇറങ്ങിപ്പോയതോടെ പ്രസംഗം ഗവർണർ വായിച്ചതായി കണക്കാക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി. നയപ്രഖ്യാപനത്തിൻറെ തമിഴ് പരിഭാഷ സ്പീക്കർ നിയമസഭയിൽ വായിച്ചു. തുടർന്നാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. ഇതിനിടെ നിയമസഭയിൽ നടപടി ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചില്ലെന്നതടക്കം പ്രസംഗം വായിക്കാതിരുന്നതിന് 13 കാരണങ്ങൾ ചൂണ്ടികാട്ടി സർക്കാരിനെതിരെ കുറ്റപത്രവും വാർത്താക്കുറിപ്പും ​ഗവർണർ പുറത്തിറക്കി.

ദേശീയ ഗാനത്തെ സർക്കാർ അവഹേളിച്ചുവെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ വസ്തുതാവിരുദ്ധമായ അവകാശവാദങ്ങളാണുള്ളതെന്നും ഗവർണർ വാർത്താക്കുറിപ്പിൽ ആരോപിച്ചു. പ്രസംഗിക്കാനൊരുങ്ങിയപ്പോൾ തൻറെ മൈക്ക് സ്പീക്കർ ഓഫാക്കിയെന്നും ഗവർണർ ആരോപിക്കുന്നു.

അതേസമയം, ഗവർണറുടെ നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. നയപ്രഖ്യാപനം ഇനി വേണ്ടെന്നും ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും സമാന മനസുള്ള പാർട്ടികളുമായി ചർച്ച ചെയ്ത് നടപടി എടുക്കുമെന്നും ആർഎൻ രവി തമിഴ്നാട് നിയമസഭയെ അവഹേളിച്ചുവെന്നും സർ‍ക്കാർ നൽകിയ പ്രസംഗം ഗവർണർ അംഗീകരിച്ചില്ലെന്നും എംകെ സ്റ്റാലിൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *