തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 23ന് രാവിലെ 10.30ന് വിമാനത്താവളത്തിലെത്തും. റെയിൽവേയുടെ നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. തിരുവനന്തപുരം നഗരവികസന രേഖയുടെ പ്രഖ്യാപനവും പൊതു സമ്മേളനവുമാണ് രണ്ടാമത്തെ പരിപാടി. റെയിൽവേക്കായി പ്രധാനവേദിക്കു സമീപം 500 പേർക്ക് ഇരിക്കാവുന്ന പ്രത്യേക വേദി ഒരുക്കാനാണ് തീരുമാനം. റെയിൽവേയുടെ പരിപാടി 10.45നു മുൻപ് അവസാനിക്കും. അതിനുശേഷമാണ് ബിജെപിയുടെ പൊതുസമ്മേളനം. രണ്ടു പരിപാടികളും പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. രണ്ടു മണിക്കൂറാണ് സംസ്ഥാനത്തെ പരിപാടികൾ.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പഞ്ചായത്തുതല ഭാരവാഹികളാണ് യോഗത്തിനെത്തുന്നത്. രാജ്യത്തെ മറ്റു നഗരങ്ങളിൽ വിജയകരമായി നടപ്പാക്കിയ വികസന പദ്ധതികൾ തിരുവനന്തപുരം നഗരത്തിന് പരിചയപ്പെടുത്താനും നടപ്പാക്കുന്നതിന് തുടക്കമിടുന്നതിനുമായി ഫെബ്രുവരിയിൽ അഞ്ചുദിവസത്തെ നഗരവികസന കോൺക്ലേവ് നടപ്പാക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. കോർപറേഷന്റെ നേതൃത്വത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. മാതൃകാ പദ്ധതികൾ നടപ്പാക്കിയ വിവിധനഗരങ്ങളിലെ മേയർമാരെയും കേന്ദ്രസർക്കാർ പ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് തീരുമാനം.
