തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ഇഡി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പല ഉന്നതരും മുൻ ഭരണസമിതി അംഗങ്ങളും ഇഡിയുടെ വലയിൽ കുടുങ്ങുമെന്നാണ് സൂചന. സ്വർണ്ണക്കൊള്ളയിൽ മാത്രമൊതുങ്ങുന്നതല്ല ഇഡിയുടെ അന്വേഷണം. ശബരിമലയിലേക്ക് എത്തുന്ന സംഭാവന കൈകാര്യം ചെയ്യുന്നതിലും ക്രമക്കേടുണ്ടെന്നാണ് ഇഡി പറയുന്നത്.
ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലാണ് ഇഡിയുടെ റെയ്ഡ്. ദേവസ്വം ബോർഡിന്റെ ധനവിനിയോഗത്തിലടക്കം ക്രമക്കേടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആഴത്തിലുള്ള അന്വേഷണമുണ്ടാകും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇഡി നടത്താൻ പോകുന്നത്. ശബരിമല ക്ഷേത്രത്തെ ഉപയോഗിച്ച് നടത്തിയ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്തി കണ്ടെത്തുമെന്നാണ് ഇഡി പറയുന്നത്.
മുൻ ഭരണസമിതികളുടെ എല്ലാം ഇടപാടുകൾ, ശബരിമലയിൽ നടന്ന മുൻ സ്‌പോൺസർഷിപ്പുകൾ, ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പല കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കും. പല പ്രമുഖരുടെയും നേരെ അന്വേഷണം നീളുമെന്നാണ് ഇഡിയുടെ വിശദീകരണത്തിൽനിന്ന് വ്യക്തമാകുന്നത്. വഴിപാടുകളുടെ പേരിൽ, ആചാരങ്ങളുടെ പേരിൽ, സംഭാവനകളുടെ പേരിൽ, സ്‌പോൺസർഷിപ്പിന്റെ പേരിൽ അങ്ങനെ നിരവധി ക്രമക്കേടുകൾ വർഷങ്ങളായി നടക്കുന്നുവെന്നാണ് ഇഡി കരുതുന്നത്.
