കോട്ടയം: എൻഎസ്‌എസ്- എസ്എൻഡിപി യോഗം ഐക്യം സതീശനെതിരേയെന്ന വ്യാഖ്യാനം ശരിയല്ലെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. ‘വിഷയം എൻഎസ്എസ്- എസ്എൻഡിപി യോഗം ഐക്യം എന്നുള്ളതാണ്. ഇതിന്റെപേരിൽ അനാവശ്യമായ രാഷ്ട്രീയ പരിഗണന ആർക്കെങ്കിലും നൽകിയത് ശരിയായില്ല, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ അവസരത്തിൽ,’ എന്ന് സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.
89 വയസ്സ് പ്രായമുള്ള, ദീർഘകാലമായി പ്രബല ഹൈന്ദവസംഘടനയുടെ ജനറൽ സെക്രട്ടറിയായിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഏത് രാഷ്ട്രീയനേതാവാണെങ്കിലും അവർക്കത് ഭൂഷണമല്ലെന്നും താൻ പറഞ്ഞിരുന്നു. എൻഎസ്എസ്- എസ്എൻഡിപി യോഗം ഐക്യം യാഥാർഥ്യമാകാൻ ഇരുസംഘടനകൾ മാത്രം വിചാരിച്ചാൽ മതി. അതിന് ആരുടെയും ഉപദേശമോ, സഹായമോ ആവശ്യമില്ലെന്നും സുകുമാരൻനായർ വ്യക്‌തമാക്കി.
എൻഎസ്എസുമായി ഐക്യത്തോടെ പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടത്. ഇത് ശരിവെച്ച് എൻഎസ്എസ് നേതൃത്വവുമായി ആലോചിച്ച് സംഘടനയുടെ അടിസ്ഥാനമൂല്യങ്ങൾക്ക് കോട്ടംവരാത്തവിധം ഐക്യം ആകാമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഇക്കാര്യത്തിൽ 21-ന് എസ്എൻഡിപി യോഗം നേതൃയോഗം ചേർന്ന് തീരുമാനം എടുക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.
