മുംബൈ അടക്കമുള്ള 29 കോർപറേഷനുകളിൽ 25ലും ബിജെപി സഖ്യം അധികാരത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അന്തിമ കണക്ക് വന്നതോടെ ബിജെപിക്ക് വൻ നേട്ടം. മുംബൈ അടക്കം അകെയുള്ള 29 മുനിസിപ്പൽ കോർപ്പറേഷനുകളിൽ 25 ലും ബിജെപി സഖ്യം അധികാരം പിടിച്ചു. മുംബൈ കോർപ്പറേഷനിലേക്ക് ജയിച്ചവരിൽ മൂന്ന് മലയാളികളും ഉണ്ട്. ആർഎസ്എസ് ശക്തി കേന്ദ്രമായ നാഗ്പൂരിൽ മുസ്ലീം ലീഗ് നാല് സീറ്റ് ജയിച്ചു.

മുംബൈയിൽ 89 സീറ്റ് നേടിയാണ് ബിജെപി ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ശിൻഡെ വിഭാഗം 29 സീറ്റ് നേടിയതോടെ കേവല ഭൂരിപക്ഷത്തിനുള്ള 114 എന്ന സഖ്യ മറികടന്നു. 65 സീറ്റിലേക്ക് താഴ്‌ന്നെങ്കിലും വൻ വീഴ്ച ഒഴിവാക്കാൻ മറുവശത്ത് ഉദ്ദവ് താക്കറെയ്ക്ക് കഴിഞ്ഞു എന്നതാണ് അന്തിമ ഫലം കാണിക്കുന്നത്. പാർട്ടി പിളർത്തിയ ശിൻഡെയോടും ബിജെപിയോടും ഒരുപോലെ പോരാടിയാണ് ഉദ്ദവ് രണ്ടാമത്തെ വലിയ കക്ഷിയായത്.

പ്രതിപക്ഷ സഖ്യമില്ലാതെയായിരുന്നു ഈ പോരാട്ടം. കോൺഗ്രസാവട്ടെ 24 സീറ്റും നേടി. ചുരുക്കത്തിൽ മുംബൈയിൽ അധികാരം കിട്ടിയെങ്കിലും വമ്പൻ വിജയമാക്കി മാറ്റാൻ ബിജെപിക്ക് കഴിഞ്ഞില്ല. പൂനെയിൽ പവാർ കുടുംബത്തിനാണ് വൻ തിരിച്ചടിയേറ്റത്. പൂനെയിലും പിപ്രി ചിൻച് വാദിലും ഇരു എൻസിപികളും ഒന്നിച്ചെങ്കിലും ബിജെപിക്ക് മുന്നിൽ തകർന്നടിഞ്ഞു.പൂനെയിൽ ബിജെപി 119 സീറ്റ് നേടിയപ്പോൾ ഇരു എൻസിപികളും നേടിയത് വെറും 30 സീറ്റ്. ശക്തികേന്ദ്രത്തിലെ വൻ വീഴ്ചയാണിത്.

Leave a Reply

Your email address will not be published. Required fields are marked *