വീണ്ടും കേന്ദ്രസർക്കാർ നടപടികളെ പിന്തുണച്ച് ശശി തരൂർ; അമിത് ഷായുടെ പേരെടുത്ത് പറഞ്ഞ് പ്രശംസ

തിരുവനന്തപുരം: കേരളത്തിലടക്കം നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കേന്ദ്രസർക്കാർ നടപടികളെ പിന്തുണച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ലേഖനം. മോദി സർക്കാരിന്റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണെന്നും ലേഖനം. അമിത് ഷായുടെ പേരെടുത്ത് പറഞ്ഞും പ്രശംസയുണ്ട്. മോദി സർക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ചാണ് ശശി തരൂരിന്റെ ലേഖനം. സർക്കാരിന്റെ ഇരുമ്പ് മുഷ്ടി പ്രയോഗത്തിനൊപ്പം വികസനത്തിന്റെ സാന്ത്വനസ്പർശം കൂടിയായപ്പോൾ ദൗത്യം വിജയിച്ചെന്നും മാവോയിസ്റ്റ് ഭീഷണി പൂർണമായും ഇല്ലാതാക്കും വരെ അത് തുടരണമെന്നും ശശി തരൂർ ലേഖനത്തിൽ പറയുന്നു.

യുപിഎ സർക്കാർക്കാരിന്റെ ആശയം മോദി സർക്കാർ നടപ്പാക്കിയെന്ന് പറയുമ്പോഴും സുരക്ഷ രംഗത്ത് പൊലീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് മോദി സർക്കാർ വലിയ നിക്ഷേപം നടത്തിയെന്ന് തരൂർ പറയുന്നു. ഇരുമ്പുമുഷ്ടിക്കൊപ്പം വികസനത്തിന്റെ സാന്ത്വന സ്പർശം കൂടി ഉണ്ടായതുകൊണ്ടാണ് മാവോയിസ്റ്റ് ഭീഷണി രാജ്യത്ത് ഇല്ലാതാക്കാൻ കഴിഞ്ഞതെന്നും നക്‌സലൈറ്റ് കലാപം പൂർണമായും ഇല്ലാതാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം പരാമർശിച്ച് തരൂർ പറയുന്നു.

അടുത്തിടെ വയനാട്ടിൽ നടന്ന കോൺഗ്രസ് ക്യാമ്പിൽ സജീവമായി പങ്കെടുത്ത തരൂർ ഇടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്ര സർക്കാരിനെ പുകഴ്ത്തുന്നത് പൂർണമായി അവഗണിക്കുകയാണ് കോൺഗ്രസ് ദേശീയ- സംസ്ഥാന നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *