കൊച്ചി: നവകേരള സർവേയിൽ സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. സർക്കാരിന്റെ നവകേരള സർവേയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ സർവേയ്ക്കെതിരേ രണ്ട് ഹർജികൾ കോടതിയുടെ മുമ്പിലെത്തി. സർവേ തടയണമെന്ന ഹർജിയിൽ വ്യാഴാഴ്ചയ്ക്ക് മുമ്പ് സർക്കാരിനോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. സർവേയ്ക്ക് ഫണ്ട് നൽകുന്നതിൽ സർക്കാർ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ജനങ്ങളുടെ ആവശ്യങ്ങളറിയാൻ സർക്കാർ സർവേ നടത്തുന്നതിൽ എന്താണ് തെറ്റെന്നും ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാനുള്ള ശ്രമം തടയാൻ കഴിയുമോ എന്നും കോടതി ചോദിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹർജി. പാർട്ടി കേഡർമാരെ ഇറക്കിയുള്ള സർവേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമാണ് ആവശ്യം.
