ചെന്നൈ: രാഷ്ട്രീയ റാലിക്കിടെ കരൂരുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഇന്ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകും. രാവിലെ 11 മണിക്ക് അന്വേഷണ സംഘത്തിന് മുന്നിലെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ് പ്രചാരണത്തിന് ഉപയോഗിച്ച വാഹനം ഇന്നലെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ സിബിഐ അന്വേഷണം നടക്കുന്നത്. പാർട്ടിയുടെ മുതിർന്ന ഭാരവാഹികളിൽ നിന്നും നേരത്തെ സിബിഐ മൊഴിയെടുത്തിരുന്നു.
