മുംബൈ: മുംബൈയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ആരവം ശക്തമാകുന്നതിനിടെ, ജനുവരി 15ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കൊളാബയിൽ നിന്ന് മത്സരിക്കുന്ന ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ദീപക് സിലാൻ ശ്രദ്ധേയനാകുകയാണ്. കൊളാബ–ഫോർട്ട്–മനീഷ് മാർക്കറ്റ്–ചർച്ച്ഗേറ്റ് മേഖലകൾ ഉൾപ്പെടുന്ന വാർഡ് 225-ലാണ് അദ്ദേഹം ജനവിധി തേടുന്നത്. യുവത്വവും സാമൂഹ്യ പ്രവർത്തന പരിചയവും ഒരുമിക്കുന്ന സ്ഥാനാർത്ഥിയായ ദീപക് സിലാൻ, ഇതിനകം തന്നെ പ്രദേശവാസികൾക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. വസ്ത്ര വ്യാപാരവും ഇന്റീരിയർ ഡിസൈൻ രംഗവും കൈകാര്യം ചെയ്യുന്ന സംരംഭകനായ ദീപക്, രാഷ്ട്രീയത്തിനൊപ്പം സാമൂഹ്യ സേവന രംഗത്തും സജീവമാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി ഇടപെടുന്ന സാമൂഹ്യ പ്രവർത്തകനായാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്.
നഗരവികസനം ആവശ്യമാണ് എന്ന് അംഗീകരിക്കുമ്പോഴും, അത് ജനങ്ങളെ ഒഴിവാക്കി നടപ്പാക്കരുത് എന്നതാണ് ദീപകിന്റെ നിലപാട്. കൊളാബ–ഫോർട്ട് മേഖലയിലെ, പ്രത്യേകിച്ച് ഗേറ്റ്‌വേ ഓഫ് ഇന്ത്യ പരിസരത്ത് നടക്കുന്ന ചില വികസന പദ്ധതികൾ, പ്രദേശവാസികളുമായി യാതൊരു ചർച്ചയും നടത്താതെയാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം പദ്ധതികൾ ജനങ്ങളുടെ ആവശ്യങ്ങൾക്കല്ല, ചില രാഷ്ട്രീയ–വ്യവസായ താൽപര്യങ്ങൾക്കാണെന്ന് ദീപക് ആരോപിക്കുന്നു. യുവജനങ്ങൾ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകണമെന്ന് ദീപക് സിലാൻ ആവശ്യപ്പെടുന്നു. വോട്ട് ചെയ്യുക മാറ്റത്തിന്റെ ആദ്യ പടിയാണ്, എന്നാൽ അതിനൊപ്പം തന്നെ യുവാക്കൾ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയുകയും, അഴിമതിയും തെറ്റായ ഭരണനയങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സംവാദങ്ങൾ ആരംഭിക്കുകയും വേണമെന്നും അദ്ദേഹം പറയുന്നു.

ആം ആദ്മി പാർട്ടിയുടെ പ്രവർത്തന രീതിയെക്കുറിച്ച് സംസാരിച്ച ദീപക്, ഡൽഹിയിലും പഞ്ചാബിലും പാർട്ടി മാനിഫെസ്റ്റോയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഏകദേശം 90 ശതമാനവും നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി. “ഞങ്ങൾ വാഗ്ദാനം പറഞ്ഞ് മാറുന്ന പാർട്ടിയല്ല; പ്രവർത്തിച്ച് കാണിക്കുന്ന പാർട്ടിയാണ്. മാനിഫെസ്റ്റോ ഞങ്ങൾക്ക് ഉത്തരവാദിത്ത രേഖയാണ്,” എന്നും അദ്ദേഹം പറഞ്ഞു. വികസന പദ്ധതികളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കണം എന്നതാണ് ദീപകിന്റെ പ്രധാന ആവശ്യം. ഓരോ പദ്ധതിയുടെയും മൊത്തം ചെലവ്, ഉപയോഗിക്കുന്ന സാമഗ്രികൾ, പൂർത്തിയാക്കേണ്ട സമയപരിധി എന്നിവ പദ്ധതി സ്ഥലത്തെ ബോർഡുകളിൽ വ്യക്തമായി രേഖപ്പെടുത്തണം. ഇതിലൂടെ പൊതുജനങ്ങൾ തന്നെ വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടക്കാരാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊളാബ പോലുള്ള പൈതൃക പ്രദേശങ്ങളിൽ ട്രാഫിക് നിയന്ത്രിക്കാൻ ‘ഓൾഡ് ടൗൺ’ സംവിധാനം നടപ്പാക്കണമെന്നും, പ്രദേശവാസികളെ ഉൾപ്പെടുത്തി ഹെറിറ്റേജ് കമ്മിറ്റി രൂപീകരിക്കണമെന്നും ദീപക് നിർദേശിക്കുന്നു. ഈ കമ്മിറ്റിയുടെ അഭിപ്രായം തേടിയശേഷം മാത്രമേ പുതിയ പദ്ധതികൾ ആരംഭിക്കാവൂ. കൂടാതെ കൊളാബയുടെ സാംസ്കാരിക സ്വഭാവം നിലനിർത്തുന്നതിനായി ക്രമബദ്ധമായ ആഴ്ച്ചയിലോ മാസത്തിലോ ബസാറുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രമുഖ സാമൂഹ്യ പ്രവർത്തകനും മലയാളിയുമായ രാജൻ സിലാൻ ആണ് ദീപകിന്റെ പിതാവ്; മഹാരാഷ്ട്ര സ്വദേശിനിയായ നിഷാ പാട്ടിൽ മാതാവ്. ആർമി സ്കൂളിലും സെന്റ് ജോസഫ് ഹൈസ്കൂളിലും വിദ്യാഭ്യാസം നേടിയ ദീപക്, എൽഫിൻസ്റ്റൺ കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. മൃഗസ്നേഹിയായ ദീപക്, തെരുവുമൃഗ സംരക്ഷണം, പരിസ്ഥിതി ബോധവൽക്കരണം, യുവജന പങ്കാളിത്തം തുടങ്ങിയ മേഖലകളിലും സജീവമായി ഇടപെട്ടിട്ടുണ്ട്.
