തിരുവനന്തപുരം: തനിക്കെതിരെ അയച്ചിട്ടുള്ള വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വസ്തുതാവിരുദ്ധവും തെറ്റിധരിപ്പിക്കുന്നതും ആണെന്ന് മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ. ജമാ ആത്തെ ഇസ്ലാമി- മാറാട് പരാമർശത്തിൽ മാപ്പ് പറയില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. ന്യൂനപക്ഷ വിരുദ്ധ മനസിന്റെ ഉടമയാണ് താൻ എന്ന് വരുത്താനാണ് ജമാഅത്തെ ഇസ്ലാമിയുടെ ശ്രമമെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി.
തന്നെയും തന്റെ പാർട്ടിയെയും പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കുന്നതനും അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ്. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ഭരണഘടനാപരമായ മൂല്യങ്ങൾ മുറുകെ പിടിക്കുന്നയാളാണ് താനെന്നും വാർത്താസനമ്മേളനത്തിൽ എ.കെ. ബാലൻ കൂട്ടിച്ചേർത്തു. നോട്ടീസിൽ ആവശ്യപ്പെട്ടതുപോലെ ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ താനൊരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അറുപത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരു ആക്ഷേപവും ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടില്ല. ആകർഷകമായ ഒരു പ്രൊഫഷണൽ ജീവിതം ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ വ്യക്തിയാണ് താൻ. പൊതുജീവിതത്തിൽ ഇന്നേവരെ മതനിരപേക്ഷതയ്‌ക്കെതിരായിട്ടോ മതന്യൂനപക്ഷവിരുദ്ധസമീപനമോ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല, വർഗീയതയ്‌ക്കെതിരെ ശബ്ദമുയർത്തുക മാത്രമേ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
