പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. മണപ്പുറം ഫിനാൻസിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു മോഹൻലാൽ. 12 ശതമാനം പലിശയ്ക്ക് സ്വർണവായ്പ നൽകുമെന്നായിരുന്നു മോഹൻലാൽ അഭിനയിച്ച പരസ്യങ്ങളിലെ പ്രധാന വാഗ്ദാനം. എന്നാൽ, വായ്പ തിരിച്ചടച്ച് പണയം എടുത്തു മാറ്റാൻ എത്തിയപ്പോൾ കമ്പനി ഉയർന്ന പലിശ നിരക്ക് ഈടാക്കിയെന്നാണ് പരാതിക്കാർ ആക്ഷേപം ഉന്നയിച്ചത്.

മോഹൻലാലിന്റെ വാഗ്ദാനം വിശ്വസിച്ചാണ് തങ്ങൾ വായ്പ എടുത്തതെന്നും അതിനാൽ സേവനത്തിലെ പിഴവിന് താരത്തിന് ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു പരാതി. എന്നാൽ, പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദ് ചെയ്തത് . ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹൻലാൽ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പൂർണ ഉത്തരവാദിത്തം സ്ഥാപനത്തിനാണ്. ഇക്കാര്യത്തിൽ ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തമില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് ഉത്തരവ്.

നേരത്തെ മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കാൻ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹൻലാൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *