തിരുവനന്തപുരം: പാർട്ടി സമ്മർദ്ദം ചെലുത്തിയാലും നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ പുതുമയിൽ നിന്ന് മത്സരിക്കാൻ ഇല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പാർട്ടിയിൽ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥയില്ലാത്തതിനാൽ ഒരു എംപിക്കും കേന്ദ്ര നേതൃത്വം മത്സരിക്കാൻ അനുവാദം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. എംപി എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കണം. പാർലമെൻറിലെ അംഗസംഖ്യ കുറയാൻ ഇടവരരുതന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിൻ്റെ ആത്മവിശ്വാസത്തിൽ സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങുന്നുവെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ക്യാംപ്. മത്സരിക്കാൻ എംപിമാരിൽ പലർക്കും ആഗ്രഹമുണ്ട്. എന്നാൽ അതിന് സാധ്യത കുറവെന്ന് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേർന്നത് എന്നാണ് വിവരം.
