കർണാടകയിൽ വീണ്ടും ബുൾഡോസർ പ്രയോ​ഗം; മുന്നറിയിപ്പ് നൽകാതെ ദരിദ്രരുടെ 20 ലേറെ വീടുകൾ പൊളിച്ചുനീക്കി

ബെം​ഗളൂരു: വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയ്ക്കടുത്തുള്ള അശ്വത് നഗറിൽ 13 ലധികം വീടുകൾ മുൻകൂർ അറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ബി.ഡി.എയുടെ ഭൂമിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് അവകാശപ്പെട്ട ഉദ്യോ​ഗസ്ഥർ, കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) കൊഗിലു പൊളിക്കൽ നടപടി വിമർശനം നേരിടുന്നതിനിടെയാണ് പുതിയ നടപടി.

ബി.ഡി.എ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും നാല് മണ്ണുമാന്തി യന്ത്രങ്ങളും രാവിലെ 7 മണിക്ക് സ്ഥലത്തെത്തി പൊളിച്ചുനീക്കുകയായിരുന്നു. ബിഡിഎയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ (എസ്ടിഎഫ്) ഭാഗത്തുനിന്ന് പ്രഥമദൃഷ്ട്യാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ബിഡിഎ കമ്മീഷണർ പി. മണിവണ്ണൻ സമ്മതിച്ചു. താമസക്കാർക്ക് നോട്ടീസുകൾ വഴി മുന്നറിയിപ്പ് നൽകിയതായി രേഖകളൊന്നുമില്ല.

പുനരധിവാസത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ബിഡിഎ ചെയ്യുമെന്നും ചെലവുകൾ വഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 13 വീടുകൾ മാത്രമാണ് പൊളിച്ച് നീക്കിയതെന്ന് ബിഡിഎ വാദിക്കുമ്പോൾ, 20 ലധികം വീടുകൾ തകർന്നതായി താമസക്കാർ പറഞ്ഞു. കുടിയിറക്കപ്പെട്ട കുടുംബങ്ങളിൽ പലരും ഏകദേശം അഞ്ച് വർഷമായി പ്രദേശത്ത് താമസിക്കുന്ന വാടകക്കാരാണെന്ന് അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *