ചെന്നൈ: വിജയ് ചിത്രം ജനനായകന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരായ കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ ശിവകാർത്തികേയൻ ചിത്രം പരാശക്തിയുടെ റിലീസും പ്രതിസന്ധിയിലാണ്. ഇന്ന് റിലീസ് ചെയ്യേണ്ട ചിത്രത്തിന് ഇനിയും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. 15 കട്ടുകൾ കൂടി വേണമെന്നാണ് സെൻസർ ബോർഡിന്റെ നിർദേശം. എന്നാൽ, നേരത്തെ നിർദേശിച്ച 23 കട്ടുകൾ നടത്തിയതാണെന്നും പുതിയ കട്ടുകൾ അംഗീകരിയ്ക്കാൻ കഴിയില്ലെന്നും സംവിധായിക സുധ കൊങ്കര പ്രതികരിച്ചു.
അതിനിടെ, സർട്ടിഫിക്കറ്റ് നൽകാത്ത നടപടിയ്‌ക്കെതിരെ റിവൈസിങ് കമ്മിറ്റിയെ സമീപിയ്ക്കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ സിനിമയുടെ നിർമാതാവ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ബന്ധുവാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്‌സാണ് ചിത്രത്തിന്റെ വിതരണക്കാർ.
ജസ്റ്റിസ് പി ടി ആശയാണ് കേസിൽ വിധി പറയുക. കേസിൽ നിർമാതാക്കളുടെയും സെൻസർ ബോഡിന്റെയും വാദം ബുധനാഴ്ച പൂർത്തിയായിരുന്നു. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിയ്ക്കാത്ത സാഹചര്യത്തിൽ, ഇന്ന് പ്രഖ്യാപിച്ചിരുന്ന ജനനായകന്റെ റിലീസ്, മാറ്റിവെച്ചിരുന്നു. വിജയുടെ അവസാന ചിത്രം എന്ന നിലയിൽ ഇന്നത്തെ വിധി ഏറെ നിർണായകമാണ്.
