ന്യൂഡല്‍ഹി: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ മൃഗസ്‌നേഹികള്‍ക്ക് രണ്ടാം ദിവസവും സുപ്രീംകോടതിയുടെ വിമര്‍ശനം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ മൃഗസ്‌നേഹികളും ക്ഷേമ പ്രവര്‍ത്തകരും എബിസി (ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോൾ) നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള നടപടിക്കുറവ് മൂലം ജനങ്ങള്‍ കഷ്ടപ്പെടേണ്ടതുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി വാക്‌സിനേഷന്‍ ചെയ്ത് തിരിച്ചുവിടുന്ന മാതൃക ഫലപ്രദമാണെന്ന് സീനിയര്‍ അഭിഭാഷകരായ നകുല്‍ ദിവാൻ, കരുണ നന്ദി, ശ്യാം ദിവാന്‍ തുടങ്ങിയവര്‍ വാദിച്ചു. മൈക്രോചിപ്പിങ്, ജിയോ ടാഗിങ് എന്നിവയും തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് ഫലപ്രദമാണെന്ന് അവര്‍ പറഞ്ഞു.
