തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലുകൾ നടത്തുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണം കണ്ടെത്തുന്നതിൽ പ്രത്യേക അന്വേഷണ സംഘം പരാജയപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഖ്യമന്ത്രിയുടെ ഓഫീസ് അനാവശ്യമായി ഇടപെടുന്നുണ്ട്. സിപിഎമ്മുമായി ആഭിമുഖ്യമുള്ള പോലീസ് അസോസിയേഷൻ ഭാരവാഹികളെ ബോധപൂർവ്വം അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത് സംശയാസ്പദമാണ്. ഇത്തരം സാഹചര്യത്തിൽ, കോടതിയുടെ മേൽനോട്ടത്തിലുള്ള ഒരു സിബിഐ അന്വേഷണം കൊണ്ട് മാത്രമേ സത്യം പുറത്തുകൊണ്ടുവരാൻ സാധിക്കൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണ്ണം എവിടെയാണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം നൽകാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജ്വല്ലറി ഉടമയായ ഗോവർദ്ധന്റെ കൈവശം ഉണ്ടായിരുന്ന 300 ഗ്രാം സ്വർണ്ണം മാത്രമല്ല അവിടെ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ സംഭവുമായി ബന്ധപ്പെട്ട് ഒരു പ്രവാസി വ്യവസായി ചില സൂചനകൾ നൽകിയിട്ടുണ്ടെന്നും, കൃത്യമായ അന്വേഷണം നടന്നാൽ മാത്രമേ ഇതിലെ യാഥാർത്ഥ്യങ്ങൾ പുറത്തുവരികയുള്ളൂ എന്നും ചെന്നിത്തല വ്യക്തമാക്കി.
