ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളിൽ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാൽ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ കഴിയും എന്ന് സുപ്രീംകോടതി. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് മൃഗസ്നേഹികളോട് കോടതി. രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു വാദം. മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, പഞ്ചാബ് സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്ന് അമിക്കസ്ക്യൂറി സുപ്രിംകോടതിയിൽ വ്യക്തമാക്കി.
നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്നം എന്ന് കപിൽ സിബൽ ചൂണ്ടിക്കാണിച്ചു. നായ ആക്രമണം മാത്രമല്ല, നായ്ക്കൾ കാരണമുണ്ടാകുന്ന അപകടങ്ങളും ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സുപ്രിംകോടതി പറഞ്ഞു. റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ തടയുന്നതിനായുള്ള നടപടികൾ ദേശിയപാത അതോറിറ്റി സ്വീകരിച്ചു വരുന്നു എന്ന് അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചു. വന്ധ്യംകരണം നടത്തുന്നതിലൂടെ നായകളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്ന് നായ സ്നേഹികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.
രാജ്യത്തെ നായകളുടെ എണ്ണത്തിൽ കൃത്യമായ കണക്ക് ഇല്ലെന്നാണ് നായ സ്നേഹികളുടെ വാദം. ജനങ്ങളെ ബോധവത്ക്കരിച്ചാൽ തെരുവ് നായ ആക്രമണം തടയാമെന്നും കൃഷിയിടങ്ങൾ സംരക്ഷിക്കാൻ നായകളെ ഉപയോഗിക്കാം എന്നും നായ സ്നേഹികൾ കോടതിയിൽ വാദിച്ചു. സിഎസ് വിആർ മാതൃക ഏർപ്പെടുത്തണമെന്ന് നായ സ്നേഹികൾക്ക് വേണ്ടി കപിൽ സിബൽ പറഞ്ഞു.
മൃഗങ്ങൾ പ്രവേശിക്കാൻ സാധ്യതയുള്ള ദുർബല പ്രദേശങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അനിമൽ വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ട് നിർദ്ദേശിക്കുന്നത് ആദ്യം ആൺ നായകളെ വന്ധ്യംകരണം നടത്തണം എന്നാണെന്ന് അമിക്കസ്ക്യൂറി അറിയിച്ചു. പത്തനംതിട്ടയിലെ തെരുവ് നായ ആക്രമണം ഹർജിക്കാരൻ പരാമർശിച്ചു. അക്രമകാരികളായ നായ്ക്കളെ കൊന്നുകളയാൻ ഉത്തരവിടണമെന്ന് നായ കടിയേറ്റ് മരിച്ച പത്തനംതിട്ട സ്വദേശി അഭിരാമിയുടെ അമ്മ ആവശ്യപ്പെട്ടു. ആക്രമണകാരികളായ നായകളെയും പേവിഷബാധ ഉള്ള നായകളെയും തെരുവുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് മുൻകാല കോടതി വിധികൾ ഉണ്ട് എന്ന് അഭിരാമിയുടെ അമ്മയ്ക്കായി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
