കൊച്ചി: മരടിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽനിന്ന് വീണനിലയിൽ യുവാവിന്റെ മൃതദേഹം. പുത്തൻകുരിശ് സ്വദേശി സുഭാഷിന്റെ (51) മൃതദേഹമാണിതെന്നാണ് നിഗമനം. കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വർഷങ്ങളായി ഇടയ്ക്കിടെ വീടു വിട്ട് ഇറങ്ങിപ്പോകുന്ന ആളാണ് സുഭാഷെന്നും സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി കേൾക്കുന്നുണ്ടെന്നും മരട് നഗരസഭാ ചെയർപഴ്സൻ അജിത നന്ദകുമാറും കൗൺസിലർ ജബ്ബാർ പാപ്പനയും പറഞ്ഞു.
കെട്ടിടത്തിന്റെ മുകളിൽനിന്ന് സുഭാഷിന്റെ പേരിലുള്ള ഐഡി കാർഡ്, കിടക്കവിരി, ബാഗ് തുടങ്ങിയ വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. തലയ്ക്കു പിന്നിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കാലുകൾക്കും ഒടിവുണ്ട്.
മരടിലാണ് സുഭാഷിന്റെ സഹോദരിയെ വിവാഹം കഴിച്ചയച്ചത്. സഹോദരിയുടെ ഭർത്താവ് മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മാസം മുൻപ് ഇവരെ കാണാൻ സുഭാഷ് ചെന്നിരുന്നു.
