പത്തനംതിട്ട : ശബരിമലയിൽ വിതരണത്തിന് കൗണ്ടറിൽ ഏൽപിച്ച 16 ലക്ഷം രൂപ വിലവരുന്ന 16,000 പാക്കറ്റ് നെയ്യ് കാണാനില്ല. ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീർഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലിലീറ്ററിന്റെ കവറിൽ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വിൽപന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില ഈടാക്കുന്നത്. ടെംപിൾ സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങിയാണ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്.
ഏറ്റുവാങ്ങിയ പാക്കറ്റിന്റെ തുക ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതിനെ തുടർന്നു ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇത്തവണത്തെ മണ്ഡലകാലത്ത് വിൽപനയ്ക്കു നൽകിയ പാക്കറ്റുകളിലാണു ക്രമക്കേട് നടന്നത്.
സ്വർണ്ണക്കൊള്ള വിവാദത്തിനിടെ നെയ്യ് വിവാദം കൂടി വന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
