ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ ട്രെയിനായ വന്ദേഭാരത് സ്ലീപ്പർ അവസാന അതിവേഗ പരീക്ഷണം പൂർത്തിയാക്കിയതോടെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഇതടക്കം ഈ വർഷം 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന് പ്രഥമ പരിഗണന നൽകാൻ കേന്ദ്ര സർക്കാരിന് നീക്കമുണ്ട്.
കൊൽക്കത്ത- ഗുവാഹാത്തി പാതയിലാണ് ആദ്യ സർവീസ് നടത്തുക. ഈ ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന് ലഭിച്ചേക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. ആദ്യ സർവീസ് നടക്കാനിരിക്കുന്ന അസമും ബംഗാളും കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ്. തിരുവനന്തപുരം-ചെന്നൈ റൂട്ടിലാകും കേരളത്തിലേക്കുള്ള ആദ്യ വന്ദേഭാരത് സ്ലീപ്പർ ഓടുക എന്നാണ് വിവരം. തിരുവനന്തപുരം-ബെംഗളൂരു പാതയാണ് രണ്ടാമത് പരിഗണനയിലുള്ളത്.
ഈ വർഷം അവസാനമാകുമ്പോഴേക്കും 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കുകളിലെത്തും. അടുത്തവർഷം ഇത് വിപുലീകരിക്കും. തിരുവനന്തപുരം-മംഗളൂരു പാതയിലും വന്ദേഭാരത് സ്ലീപ്പർ ഓടിക്കുന്നത് റെയിൽവേയുടെ പരിഗണനയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കുന്ന ഫ്‌ളാഗ് ഓഫ് ചടങ്ങിനായി ഒരു ട്രെയിൻ ഗുവാഹാത്തിയിലേക്കും ഒന്ന് കൊൽക്കത്തയിലേക്കും എത്തിക്കുന്ന നടപടിയിലാണിപ്പോൾ അധികൃതർ. കൊൽക്കത്ത-ഗുവാഹാട്ടി റൂട്ടിലെ ട്രെയിനിന് 16 കോച്ചുകളാണ് ഉള്ളത്.
