നിയമസഭ തെരഞ്ഞെടുപ്പ്: കോൺ​ഗ്രസ്സ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഈ മാസം തന്നെ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ വിജയം ലക്ഷ്യം വെച്ച് കോൺ​ഗ്രസ്സ്. നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഈ മാസം തന്നെ പ്രഖ്യാപിക്കും. മധുസൂദന മിസ്ത്രി ചെയർമാനായ സ്‌ക്രീനിങ് കമ്മിറ്റിക്കാണ് സ്ഥാനാർത്ഥി പട്ടിക പരിശോധിക്കാനുള്ള ചുമതല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് മണ്ഡലങ്ങളിൽ സജീവമാക്കാനാണ് കോൺഗ്രസ് നീക്കം.

തൃപ്പൂണിത്തുറയിൽ കെ. ബാബുവിന് പകരം പുതിയൊരാൾ എത്താനാണ് സാധ്യത. ആരോഗ്യപ്രശ്നങ്ങൾ കാരണം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കെ. ബാബു മാറിനിൽക്കുന്നത് എന്നാണ് വിവരം. എൽഡിഎഫ് സ്ഥാനാർത്ഥിയായി എം. സ്വരാജ് വീണ്ടും എത്തുമെന്ന ചർച്ചകൾ സജീവമായ സാഹചര്യത്തിൽ അവിടെ ശക്തനായ ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് കോൺഗ്രസിന് വെല്ലുവിളിയാണ്.

എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള ചില ആരോപണങ്ങൾ നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് വീണ്ടും അവസരം നൽകണമോ എന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം. മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ സീറ്റുകൾ സംബന്ധിച്ച് കേരള കോൺഗ്രസുമായി സീറ്റ് വെച്ചുമാറ്റ ചർച്ചകൾ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. ഐ.സി. ബാലകൃഷ്ണൻ ബത്തേരിയിൽ മത്സരിക്കുന്നതിന് പകരം മാനന്തവാടിയിൽ മത്സരിക്കണമെന്ന ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായത്തോട് അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാധ്യതയ്ക്ക് മാത്രമായിരിക്കും മുൻഗണന നൽകുക എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കൾക്കോ മുതിർന്നവർക്കോ എന്നതിലുപരിയായി മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുന്നവർക്ക് മാത്രമായിരിക്കും സീറ്റ് നൽകുക.

Leave a Reply

Your email address will not be published. Required fields are marked *