തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി തയാറെടുപ്പുകൾ ആരംഭിച്ച് സിപിഎം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന കാർക്കശ്യങ്ങളിൽ ഇളവ് വരുത്തിയാണ് ഇത്തവണ പാർട്ടി ജനങ്ങൾക്ക് മുന്നിലെത്തുന്നത്. തുടർച്ചയായി രണ്ട് തവണ മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വീണ്ടും മത്സരിക്കും. മണ്ഡലത്തിൻറെ സ്വഭാവവും എംഎൽഎമാരുടെ പ്രവർത്തന മികവും പരിണിച്ചാകും ഇളവ്.
ആരോഗ്യമന്ത്രി വീണ ജോർജ്ജ് അടക്കം രണ്ട് ടേം പൂർത്തിയാക്കിയ ഒരുപിടി പേർക്ക് വീണ്ടും അവസരം ഉണ്ടാകും. മാനന്തവാടിയിൽ ഒആർ കേളു തുടരും, കോതമംഗലത്ത് ആന്റണി ജോണും ഇരവിപുരത്ത് എം നൗഷാദും വാമനപുരത്ത് ഡികെ മുരളിയും കാട്ടാക്കടയിൽ ഐബി സതീഷും തുടരാനാണ് സാധ്യത. ജില്ലാ സെക്രട്ടറിയായതുകൊണ്ട് വർക്കലയിൽ വി ജോയി മാറുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കഴക്കൂട്ടത്ത് കടകംപള്ളിയെ നിലനിർത്തിയാലും ഒഴിവാക്കിയാലും ചർച്ചയാകും.
പേരാമ്പ്രയിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണന് ഒരുപക്ഷെ മൂന്നാം ഊഴത്തിനിറക്കിയാലും അതിശയമില്ല. ഉടുമ്പൻചോലയിൽ എംഎം മണിക്ക് പകരക്കാരൻ വരും. യു പ്രതിഭയും എം മുകേഷും ഒഴിവാക്കൽ പട്ടികയിൽ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് 60 പേരാണ്. അതിൽ 23 പേർ രണ്ട് തവണ തുടർച്ചയായി ജയിച്ചവരാണ്.
