വടക്കാഞ്ചേരി കോഴ വിവാദത്തിൽ 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദൻ. ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ലെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ജനവിധി അംഗീകരിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല. വന്ന വാർത്ത സംബന്ധിച്ച് പരിശോധിക്കും. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലീംലീഗ് സ്വതന്ത്രൻ എൽഡിഎഫിന് കൂറുമായി വോട്ട് ചെയ്ത സംഭവത്തിൽ, 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്നാണ് ശബ്ദരേഖ. മുസ്ലീംലീഗ് സ്വതന്ത്രനായി മത്സരിച്ച ഇയു ജാഫറിന്റെ പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.
