ചങ്ങനാശേരി: മന്നം ജയന്തി ആഘോഷങ്ങൾക്ക് എൻഎസ്എസ് ആസ്ഥാനത്ത് പ്രൗഢോജ്വലമായ തുടക്കം. അരലക്ഷം ചതുരശ്ര അടിയിൽ മന്നം നഗറിൽ നിർമിച്ച പന്തൽ പ്രതിനിധികളെക്കൊണ്ടു നിറഞ്ഞു. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നേതൃത്വത്തിൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. തുടർന്നു സമ്മേളനവേദിയിൽ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനു മുൻപിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ചിത്രത്തിനു മുൻപിൽ പ്രസിഡന്റ് ഡോ. എം.ശശികുമാറും നിലവിളക്ക് തെളിച്ചു.
മന്നം ജയന്തി ദിനമായ ഇന്നു (വെള്ളിയാഴ്ച) സമ്മേളനത്തിൽ പങ്കെടുക്കാനും സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താനും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരും സംസ്ഥാനത്തെ വിവിധ കരയോഗങ്ങളിൽ നിന്നുള്ള സമുദായാംഗങ്ങളും എത്തും.
പുതുവത്സര ദിനത്തിൽ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തോടെയാണു 149–ാമത് ജയന്തി ആഘോഷങ്ങൾക്കു തിരി തെളിഞ്ഞത്. സംസ്ഥാനത്തെ 60 താലൂക്ക് യൂണിയനുകളിലെ കരയോഗങ്ങൾ, വനിതാസമാജങ്ങൾ, ബാലസമാജങ്ങൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം സമുദായക്കൂട്ടായ്മയ്ക്കു തെളിവായി.
