ന്യൂഡൽഹി: രാജ്യം എല്ലാവരുടേതുമാണ്, ജാതി, ഭാഷ, സമ്പത്ത്, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകളെ വിലയിരുത്തരുതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഛത്തീസ്ഗഡിലെ റായ്പുരിൽ ഹിന്ദു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭാഗീയത മാറ്റിവച്ച് എല്ലാവരെയും തുല്യരായി കാണുകയെന്നതാണ് ഐക്യത്തിലേക്കുള്ള ആദ്യചുവട്. ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, കുളങ്ങൾ, കിണറുകൾ എന്നിവയെല്ലാം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നിടണം.
മതചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും വിലക്കുകൾ പാടില്ല. പരസ്പര ഇടപഴകലുകൾ ഐക്യത്തിനു വഴിതെളിക്കുമെന്നും അദ്ദേഹം ഓർമപ്പെടുത്തി. ആർഎസ്എസിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഹൻ ഭാഗവതിന്റെ പ്രഭാഷണങ്ങൾ നടത്തുന്നത്.
വംശീയാധിക്ഷേപം നേരിട്ടു ക്രൂരമർദനത്തിനിരയായി വിദ്യാർഥിയായ എയ്ഞ്ചൽ ചക്മ (24) കൊല്ലപ്പെട്ട സംഭവത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കടുത്ത പ്രതിഷേധമുയരുന്നതിനിടെയാണു ആർഎസ്എസ് മേധാവിയുടെ വാക്കുകൾ. ചൈനക്കാരനെന്നാരോപിച്ചാണ് ആറംഗസംഘം ത്രിപുരയിൽ ബിഎസ്എഫ് ജവാന്റെ മകനെ മർദിച്ചു കൊന്നത്.
