ക്രിസ്ത്യൻ ഔട്ട്റീച്ച് പ്രയോജനപ്പെട്ടില്ല; പട്ടികജാതി, ഒബിസി ഔട്ട്റീച്ചിന് പ്രാമുഖ്യം നൽകാൻ ബിജെപി

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഔട്ട്റീച്ച് പ്രയോജനപ്പെടാത്തതോടെ പുതിയ പദ്ധതികൾ മെനയാനൊരുങ്ങി ബിജെപി. പട്ടികജാതി, ഒബിസി ഔട്ട്റീച്ചിന് പ്രാമുഖ്യം നൽകാനാണ് നിലവിലെ തീരുമാനം. മൂന്നിന് നടക്കുന്ന സംസ്ഥാന കോർ കമ്മിറ്റിയിൽ ഈ വിഷയം ചർച്ചയ്ക്കുവരും. കണ്ണൂരിൽ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ പട്ടികജാതി, ഒബിസി ഔട്ട്റീച്ചിന് പ്രാധാന്യം നൽകണമെന്ന ആവശ്യമുയർന്നു. പട്ടികജാതി സംഘടനകൾക്കു പുറമേ ഹിന്ദു വിഭാഗങ്ങളിലെ ചെറു സമുദായ സംഘടനകളെയടക്കം സമീപിക്കാനാണ് നീക്കം.

നേരിട്ടു കാണേണ്ട പട്ടികജാതി, ഒബിസി നേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ പട്ടികജാതി വോട്ടുകൾ തങ്ങൾക്ക് വൻതോതിൽ കിട്ടിയെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. തെക്കൻ കേരളത്തിൽ സിപിഎം, സിപിഐ ശക്തികേന്ദ്രങ്ങളായിരുന്ന പല പട്ടികജാതി മേഖലകളിലും ബിജെപി നേട്ടമുണ്ടാക്കി. ബിജെപിയിലെത്തുന്ന പട്ടികജാതി, ഒബിസി വിഭാഗക്കാർ വിട്ടുപോകില്ലെന്നും ക്രൈസ്തവ വോട്ടുകളിലുണ്ടാകുന്നപോലെ ചാഞ്ചാട്ടമുണ്ടാകില്ലെന്നുമാണ് ഒരുവിഭാഗം നേതാക്കളുടെ വാദം.

പട്ടികജാതി ഔട്ട്റീച്ചിനായി കുമ്മനം രാജശേഖരൻ, പി. സുധീർ എന്നിവരുടെയും ഒബിസി ഔട്ട്‌റീച്ചിനായി കെ.കെ. അനീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള സമിതിയെ ബിജെപി, നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നല്ലനിലയിൽ ക്രിസ്ത്യൻ വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പാടേ നഷ്ടമായി. പി.സി. ജോർജിന്റെ സ്വാധീനമേഖലകളിലെ ചില പഞ്ചായത്തുകളൊഴിച്ചാൽ മറ്റെങ്ങും ക്രിസ്ത്യൻ ഔട്ട്റീച്ച് ഫലം ചെയ്തില്ല.

Leave a Reply

Your email address will not be published. Required fields are marked *