ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലെന്ന വിജയ്‌യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ. മത്സരം ഡിഎംകെയും എഐഎഡിഎംകെയും തമ്മിലാണെന്നും ദുർബലമായെങ്കിലും ഐഐഎഡിഎംകെ തന്നെയാണ് പ്രധാന എതിരാളികളെന്നും ഉദയനിധി പറഞ്ഞു. ബിജെപിയെയും ബിജെപിയുടെ എല്ലാ ബി ടീമുകളെയും ഡിഎംകെ തോൽപ്പിക്കുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രികൂടിയായ ഉദയനിധി പറഞ്ഞു.
ടിവികെ ജനറൽ ബോഡി യോഗത്തിലാണ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന് വിജയ് പറഞ്ഞത്. രാഷ്ട്രീയം എന്നാൽ സംസ്ഥാനത്തെ ഓരോ കുടുംബത്തെയും പരിപാലിക്കുക എന്നതാണ്. അത് ഒരു കുടുംബത്തെ മാത്രം പരിപാലിക്കുന്നതാണോയെന്ന് ഡിഎംകെയെ ഉന്നമിട്ട് വിജയ് ചോദിച്ചു. കേന്ദ്രത്തിലെ ബിജെപി സർക്കാർ ഫാസിസ്റ്റ് ആണെങ്കിൽ, നിങ്ങളുടെ സർക്കാർ എന്താണെന്നായിരുന്നു വിജയ്‍യുടെ ചോദ്യം.
