തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അടിമുടി മാറ്റം. തലസ്ഥാനത്തെയും കൊച്ചിയിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കാണ് ചുമതല മാറ്റം. ഇതോടെ അഞ്ച് ഡിഐജിമാർക്ക് ഐജിയായി സ്ഥാനക്കയറ്റവും ലഭിച്ചു. ജി. സ്പർജൻ കുമാറിനെ ദക്ഷിണമേഖലാ ഐജിയായി നിയമിച്ചു. കെ. കാർത്തികിനെ തിരുവനന്തപുരത്തും ഹരിശങ്കറിനെ കൊച്ചിയിലും സിറ്റി പോലീസ് കമ്മിഷണർമാരാക്കി. ആർ. നിശാന്തിനിയാണ് പോലീസ് ആസ്ഥാനത്തെ ഐജി. എസ്. ശ്യാംസുന്ദറിനെ ഇന്റലിജൻസ് ഐജിയാക്കി. പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡിയുടെ അധികച്ചുമതലയും നൽകി.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറായിരുന്ന തോംസൺ ജോസിനെ വിജിലൻസ് ഡിഐജിയാക്കി. ഡിഐജിമാരായ പുട്ടവിമലാദിത്യ, എസ്. അജിതാബീഗം, ആർ. നിശാന്തിനി, എസ്. സതീഷ് ബിനോ, രാഹുൽ ആർ. നായർ എന്നിവർക്ക് ഐജിമാരായി സ്ഥാനക്കയറ്റം നൽകിയാണ് നിയമനം. പുട്ടവിമലാദിത്യയെ ഇന്റേണൽ സെക്യൂരിറ്റി ഐജിയാക്കി. അജിതാ ബീഗത്തെ ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിങ്ങിലും സതീഷ് ബിനോയെ സായുധ ബറ്റാലിയനിലും നിയമിച്ചു. രാഹുൽ ആർ. നായർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.
2012-ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായ ജി. ശിവവിക്രം, അരുൾ ബി. കൃഷ്ണ, ജെ. ഹിമേന്ദ്രനാഥ് എന്നിവരെ ഡിഐജിമാരാക്കി. അരുൾ ബി. കൃഷ്ണയെ തൃശ്ശൂർ റേഞ്ചിലും ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റേഞ്ചിലും നിയമിച്ചു. എസ്പിമാരായ ഉമേഷ് ഗോയലിനെ ടെലികോമിലും പി.ബി. കിരണിനെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലും രാജേഷ് കുമാറിനെ നാലാം സായുധ ബറ്റാലിയനിലും അഞ്ജലി ഭാവനയെ സായുധസേനാ ആസ്ഥാനത്തും നിയമിച്ചു. ഏഴ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്പെഷ്യൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം ഏഴ് ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി.
ഹരിതാ വി. കുമാർ, ടി.വി. സുഭാഷ്, എം. അഞ്ജന, ഷീബ ജോർജ്, എച്ച്. ദിനേശൻ, ഡോ. നരസിംഹുഗരി ടി.എൽ. റെഡ്ഡി, ജാഫർ മാലിക് എന്നിവർക്കാണ് സ്ഥാനക്കയറ്റം. ഇതിൽ നരസിംഹുഗരി ടി.എൽ. റെഡ്ഡിയും ജാഫർ മാലിക്കും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. എല്ലാവരെയും സെലക്ഷൻ ഗ്രേഡിൽ സ്പെഷൽ സെക്രട്ടറി റാങ്കിലേക്കാണ് ഉയർത്തിയത്. എം. അഞ്ജന, ഷീബ ജോർജ്, എച്ച്. ദിനേശൻ എന്നിവർ നിലവിൽ വഹിക്കുന്ന പദവികൾ സ്പെഷൽ സെക്രട്ടറി റാങ്കിന് തുല്യമാക്കിമാറ്റി തുടർച്ച അനുവദിച്ചു.
