റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) അണ്ടർ 23 ഏഷ്യൻ കപ്പ് ജനുവരി 6 ന് കിക്കോഫ് ചെയ്യും. ജനുവരി 25 വരെയാണ് ഏഴാം പതിപ്പ് നടക്കുക. ഇതിനായി റിയാദിലും ജിദ്ദയിലും അന്തിമഘട്ട ഒരുക്കം പുരോഗമിക്കുകയാണ്. ഏഷ്യയിലെ 16 ദേശീയ ടീമുകൾ പങ്കെടുക്കും. ആദ്യമായാണ് പ്രധാനപ്പെട്ട ഈ ടൂർണമെൻറിന് സൗദി ആതിഥേയത്വം വഹിക്കുന്നത്.
ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്‍റെ www.the-afc.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ലഭിക്കും. റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലും അൽഷബാബ് ക്ലബ് സ്റ്റേഡിയത്തിലുമായി 12 ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾ നടക്കും. ജിദ്ദയിലെ അമീർ അബ്ദുല്ല അൽഫൈസൽ സ്പോർട്സ് സിറ്റിയിൽ ഉദ്ഘാടന മത്സരവും ഫൈനലും ഉൾപ്പെടെ 10 മത്സരങ്ങൾ നടക്കും.
