നാ​ഗ്പൂരിൽ മലയാളി വൈദികനും ഭാര്യയും പൊലീസ് കസ്റ്റഡിയിൽ; അറസ്റ്റിൽ പ്രതിഷേധം ശക്തം, ഇടപെട്ട് ബിഷപ്പ്

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് നാഗ്‍പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ, ഇവരുടെ സഹായിയടക്കം 12 പേർക്കെതിരെയാണ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധവുമായി സിഎസ്ഐ സഭ മധ്യകേരള ഇടവക ബിഷപ്പ് സാബു മലയിൽ കോശി. മതപരിവർത്തനം അല്ല വൈദികർ നടത്തിയത്. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിനെതിരാണ് നാഗ്പൂരിൽ നടക്കുന്നത്. കഴിഞ്ഞ 12 വർഷമായി നാഗ്പൂരിൽ ഇവരുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കുഗ്രാമങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസം നൽകുന്നതാണ് അവർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക് വേണ്ടി അവിടെ സ്കൂളുകൾ നടത്തുന്നുണ്ട്. ആരോഗ്യപരമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ക്രൈസ്തവ മിഷണറിമാരുടെ പ്രവർത്തനങ്ങളാണ് പല ഗ്രാമങ്ങളുടെയും വളർച്ചയ്ക്ക് സഹായിക്കുന്നത്. അകാരണമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. വൈദികനായ സുധീറിനെ അവിടെ വിളിച്ചുവരുത്തിയതാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട ആരാധനയാണ് അവിടെ നടന്നത്. പൊലീസ് നടപടിയെ സിഎസ്ഐ ബിഷപ്പ് കൗൺസിൽ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *