സ്വർണ്ണക്കൊള്ള ; പോറ്റിയെ കൂട്ടാളികൾക്കൊപ്പമിരുത്തി ചോദ്യം ചെയ്തേക്കും

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മൂന്ന് പ്രതികളേയും ഒന്നിച്ച് കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടു. ശബരിമലയിൽനിന്ന് കൂടുതൽ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് വീണ്ടെടുക്കാൻ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയേയും പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാട്ടിളകളിലുമടക്കം ഉണ്ടായിരുന്ന സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ കൊണ്ടുപോയി കെമിക്കൽ പ്രോസസിങ്ങിലൂടെ വേർതിരിച്ചെടുത്തുവെന്നാണ് എസ് ഐ ടിയുടെ നിലവിലെ കണ്ടെത്തൽ. ഇതിൽ ഗോവർധന്റെ കൈയിൽനിന്ന് 474 ഗ്രാം സ്വർണവും, സ്മാർട് ക്രിയേഷൻസിന്റെ പക്കൽനിന്ന് 109 ഗ്രാം സ്വർണവുമാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. ഇതിനേക്കാൾ കൂടുതൽ സ്വർണം ശബരിമലയിൽനിന്ന് കടത്തിയിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.

ഈ സ്വർണം ആരുടെ കൈയിലാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിയേയും ഗോവർധനേയും പങ്കജ് ഭണ്ഡാരിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘത്തി​ന്റെ ആവശ്യം.

ഹൈക്കോടതി ജനുവരി അഞ്ചിന് തുറക്കുമ്പോൾ കേസ് കോടതി പരി​ഗണിക്കും. അന്നേ ദിവസം എസ്ഐടി ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *