കലൂരിലെ ​ഗ്യാലറിയിലെ അപകടം: രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ

കൊച്ചി: കഴിഞ്ഞവർഷം ഡിസംബർ 29-ന് കലൂർ ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെ ഗാലറിയിൽനിന്നുവീണ് പരിക്കേറ്റ സംഭവത്തിൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎൽഎ. സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎൽഎ വക്കീൽ നോട്ടീസ് അയച്ചു. സംഘാടകരുടെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിത്തിൽ പരിപാടി അനുവദിച്ചതെന്ന് നോട്ടീസിൽ ആരോപിക്കുന്നു.

മൃദംഗ വിഷൻ ആൻഡ് ഓസ്‌കർ ഇവന്റ് മാനേജുമെന്റായിരുന്നു പരിപാടിയുടെ സംഘാടകർ. ഒൻപത് ലക്ഷംരൂപ വാടകയ്ക്കായിരുന്നു സ്റ്റേഡിയം നൃത്തപരിപാടിക്കായി നൽകിയത്. 12,000 പേർ ഒരുമിച്ച് നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി. ഗാലറിയുടെ മുകളിൽ താത്കാലികമായി തയ്യാറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. തറനിരപ്പിൽനിന്ന് 10.5 മീറ്റർ ഉയരത്തിലായിരുന്നു ഇത്. കൈവരി ഉണ്ടായിരുന്നില്ല. മുൻനിര സീറ്റിനുമുൻപിൽ ഉണ്ടായിരുന്നത് 50 സെന്റീമീറ്റർ സ്ഥലമാണ്. ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ച് താഴോട്ടുവീണത്. സ്‌ട്രെച്ചർ പോലും അവിടെ ഉണ്ടായിരുന്നില്ല.

10 മിനിറ്റ് എടുത്തു അപകടത്തിനുശേഷം സ്റ്റേഡിയത്തിന് പുറത്ത് എത്തിക്കാൻ. ഒൻപതുദിവസത്തിനുശേഷമാണ് ബോധം വീണ്ടെടുക്കാനായത്. മാസങ്ങൾ എടുത്തു സ്വതന്ത്രമായി നടക്കാൻ. ഇപ്പോഴും പൂർണമായും ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. അപകടത്തിന്റെ ആഘാതം ഇപ്പോഴും തുടരുകയാണെന്നും അഡ്വ. പോൾ ജേക്കബ് വഴി നൽകിയ വക്കീൽനോട്ടീസിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *