ഫോര്‍ട്ട് കൊച്ചിയില്‍ ഇത്തവണ രണ്ട് പാപ്പാഞ്ഞികള്‍, കാര്‍ണിവലിന് ഒരുങ്ങി പൊലീസും

കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് കൂറ്റന്‍ പപ്പാഞ്ഞികള്‍ അഗ്‌നിക്കിരയാകും. ഗലാ ഡി. ഫോര്‍ട്ട് കൊച്ചി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വെളി മൈതാനത്ത് 55 അടി ഉയരത്തിലുള്ള പപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. ഈ രണ്ട് പപ്പാഞ്ഞികള്‍ക്ക് പുറമെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ ആകൃതിയിലുള്ള നൂറോളം പപ്പാഞ്ഞികളും ഒരുങ്ങുന്നുണ്ട്. കൊച്ചു കുട്ടികള്‍ വരെ സംഘം ചേര്‍ന്ന് മിക്ക ഇടവഴികളിലും പപ്പാഞ്ഞി രൂപങ്ങള്‍ ഒരുക്കുന്ന കാഴ്ചയും കുറവല്ല. ഇവയെല്ലാം തന്നെ 31-ാം തിയ്യതി അര്‍ദ്ധ രാത്രി കത്തിക്കും.

നടന്‍ ഷെയിന്‍ നിഗം പൂര്‍ത്തിയായ പപ്പാഞ്ഞിയുടെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റി തയ്യാറാക്കുന്ന പപ്പാഞ്ഞി നിര്‍മാണം പരേഡ് മൈതാനിയില്‍ പുരോഗമിക്കുകയാണ്. ഇവിടെ 50 അടി ഉയരത്തിലുള്ള മോഡല്‍ പപ്പാഞ്ഞിയാണ് ഒരുക്കുന്നത്. കഴിഞ്ഞ തവണ മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തെ തുടര്‍ന്ന് ദുഖാചരണത്തിന്റെ ഭാഗമായി പപ്പാഞ്ഞിയുടെ നിര്‍മാണം നിര്‍ത്തി വെച്ചിരുന്നു. കാര്‍ണിവല്‍ ആഘോഷങ്ങളുടെ ഭാഗമായി അവസാന ഞായറാഴ്ച നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബിനാലേയിലേക്കുള്ള സന്ദര്‍ശകരുടെ വരവും കൂടിയാകുന്നതോടെ പകല്‍ സമയത്തും തിരക്ക് വര്‍ധിക്കും.

കൊച്ചിയിലേക്ക് വരുന്നവര്‍ ശ്രദ്ധിക്കുക

അതേസമയം കൊച്ചിന്‍ കാര്‍ണിവല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. 13 ഡിവൈഎസ്പിമാര്‍, 28 ഇന്‍സ്പെക്ടര്‍മാര്‍, 1200 പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിച്ചു. പരേഡ്, വേളി ഗ്രൗണ്ടുകളില്‍ പാര്‍ക്കിംഗ് ഉണ്ടാകില്ല. ഡിസംബര്‍ 31 ന് ഉച്ചക്ക് 2 മണി മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനം വിടില്ല. ഫോര്‍ട്ട്‌കൊച്ചി സ്വദേശികളുടെ വാഹനങ്ങളും കടത്തിവിടില്ല. ഫോര്‍ട്ട്‌കൊച്ചിക്കാരുടെ വാഹനമടക്കം റോഡില്‍ ഇടാന്‍ അനുവദിക്കില്ല. വൈപ്പിന്‍ – ഫോര്‍ട്ട് കൊച്ചി റോറോയില്‍ വാഹനങ്ങള്‍ 4 മണി വരെ മാത്രമേ കയറാന്‍ അനുവദിക്കൂ. 7 മണി വരെ ആളുകളെ റോ റോയില്‍ അനുവദിക്കും. പരമാവധി സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കണം.

കൊച്ചി സിറ്റി മേഖല ഡ്രോണ്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. റെഡ് സോണില്‍ ഡ്രോണ്‍ ഉപയോഗിച്ചാല്‍ നടപടി എടുക്കും. ആവശ്യത്തിന് വെളിച്ചത്തിനുള്ള സജ്ജീകരണം എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്. വൈപ്പിന്‍ ഭാഗത്തും, സിറ്റിയിലേക്കും ആഘോഷങ്ങള്‍ക്ക് ശേഷം ബസ് സൗകര്യം ഉണ്ടായിരിക്കും. വൈപ്പിന്‍ ജെട്ടിയിലേക്ക് 4 മണിക്ക് ശേഷം വാഹനങ്ങളെ പ്രവേശിപ്പിക്കില്ല. 28 പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഉണ്ടാകും. കൊച്ചുകുട്ടികളുമായി വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മെട്രോ രാത്രി 2 മണി വരെ സര്‍വീസ് നടത്തും. വാട്ടര്‍ മെട്രോ രാവിലെ 4 മണി വരെ ഉണ്ടാകും, ആവശ്യം വന്നാല്‍ സമയം നീട്ടും. കൊച്ചി മെട്രോ ഫീഡര്‍ ബസ് ഉപയോഗപ്പെടുത്തണമെന്നും കമ്മീഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *