വൈക്കം: സ്വകാര്യബസുകളിലെ ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) കര്‍ശനമാക്കുന്നു. സ്വകാര്യബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് ലൈസന്‍സും, ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നീ ജീവനക്കാര്‍ക്ക് പിസിസിയും നിര്‍ബന്ധമായും വേണം. അല്ലെങ്കില്‍ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും. ഒരുവര്‍ഷമാണ് പിസിസിയുടെ കാലാവധി. മുമ്പ് ഇതുസംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവ് ഇറക്കിയെങ്കിലും കര്‍ശനമായിരുന്നില്ല.
ജീവനക്കാര്‍ തമ്മിലും യാത്രക്കാരും വിദ്യാര്‍ഥികളുമായും തര്‍ക്കം, റോഡില്‍ ഇറങ്ങി പോര്‍വിളി തുടങ്ങിയ സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഗതാഗതവകുപ്പിന്റെ നീക്കം. നല്ല പെരുമാറ്റവും സുരക്ഷിതത്വവും ഉണ്ടാകാന്‍ ഈ നിയന്ത്രണം നല്ലതാണെന്ന് സ്ഥിരം യാത്രക്കാര്‍ വാദിക്കുമ്പോഴും, അധിക സാമ്പത്തികബാധ്യത ഉണ്ടാകുമെന്നാണ് ബസുടമകളുടെ വാദം. പിസിസി എടുക്കാനായി 700 രൂപയും സര്‍വീസ് ചാര്‍ജും നല്‍കണം. അത്രയും തുക ജീവനക്കാര്‍ മുടക്കില്ല. ഉടമകള്‍ നല്‍കേണ്ടിവരും.
കൊലക്കേസ്, അക്രമങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം, മയക്കുമരുന്ന് ഉപയോഗം, മദ്യവില്‍പ്പന തുടങ്ങിയ 12-തരം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് പിസിസി ലഭിക്കില്ല. ബസിലെ ജീവനക്കാരന്‍ മാറുകയാണെങ്കില്‍ ആര്‍ടിഒയെ അറിയിക്കണം, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാകും അനുമതി നല്‍കുക.
