കൊച്ചി: സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പില്‍ ഇഡി അന്വഷണത്തോട് സഹകരിച്ച് നടന്‍ ജയസൂര്യയും ഭാര്യയും. തട്ടിപ്പില്‍ ബന്ധമില്ലെന്നും ആപ്പിന്റെ പരസ്യത്തില്‍ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും ജയസൂര്യ വ്യക്തമാക്കി. പരസ്യത്തില്‍ അഭിനയിക്കുന്നതിന് കരാര്‍ പ്രകാരം നല്‍കേണ്ട തുക തനിക്ക് മുഴുവനായി ലഭിച്ചില്ല. സേവ് ബോക്സ് ആപ്പില്‍ മറ്റ് സാമ്പത്തിക ഇടപാടുകളൊന്നും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജയസൂര്യയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഭാര്യ സരിതയായതിനാല്‍ സരിതയെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
തൃശ്ശൂര്‍ സ്വദേശി സ്വാതിക് റഹിം 2019ല്‍ തുടങ്ങിയ സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ് കേസ്. ഓണ്‍ലൈന്‍ ലേല ആപ്പാണിത്. ആപ്പിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി 2023 ലാണ് പുറത്തുവരുന്നത്. പിന്നാലെ സ്വാതിക് റഹീം പിടിയിലായി. തുടര്‍ന്ന് ഇഡിയും ഇദ്ദേഹത്തിനെതിരെ കേസെടുത്തു. സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പ് ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ. രണ്ട് കോടിയോളം രൂപ ജയസൂര്യക്ക് സ്വാതിക് റഹീം വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം.
മറ്റ് പല സിനിമാ താരങ്ങളും ആപ്പിന്റെ പ്രചാരണത്തില്‍ നവമാധ്യമങ്ങളിലടക്കം ഭാഗമായി. സ്വാതികിനും ജയസൂര്യക്കുമിടയില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച ശേഷമാണ് ജയസൂര്യയെ ഇഡി വിളിപ്പിച്ചത്.
