‘തിരുവനന്തപുരം: കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും എഐ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തിയത് സിപിഎം ആണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എൻ സുബ്രഹ്മണ്യനെതിരായ കേസില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏകാധിപതി ആയ ഭരണാധികാരിയെ ആണ് കേരളത്തില്‍ കാണുന്നത്. എഐ ടൂളുകള്‍ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്. രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവർത്തകർ അടക്കം എത്ര പേർ പരാതി നല്‍കി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രിയങ്ക ഗാന്ധിയെ വരെ ഉള്‍പ്പെടുത്തി എഐ വീഡിയോ പ്രചരിപ്പിക്കുന്നു. യുട്യൂബർമാർക്ക് പണം നല്‍കി പലതും പറയിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയുമായി പരിപാടിയില്‍ പങ്കെടുത്തില്ല എന്ന് പറയുന്നത് എം വി ഗോവിന്ദൻ മാത്രമാണ്. പരിപാടിയില്‍ പങ്കെടുത്തു എന്ന് പറഞ്ഞത് വാസ്തവം ആണ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇത് അവസാനത്തിൻ്റെ ആരംഭം ആണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഫോട്ടോ കൂടുതലായി പ്രചരിപ്പിക്കും. കേസെടുത്ത് ഭയപ്പെടുത്താൻ നില്‍ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സോണിയാ- പോറ്റി കൂടിക്കാഴ്ചയിലും വി ഡി സതീശൻ പ്രതികരിച്ചു.
