സുൽത്താൻ ബത്തേരി: വയനാട് ഡിസിസി ട്രഷററും ജില്ലയിലെ മുതിർന്ന നേതാവുമായിരുന്ന എൻ.എം. വിജയനും ഇളയമകൻ ജിജേഷും ആത്മഹത്യചെയ്ത സംഭവത്തിന് ഇന്ന് ഒരു വർഷം തികയും. കെപിസിസിയെയും വയനാട് ജില്ലാ നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കിയ സംഭവത്തിലെ ആത്മഹത്യാ പ്രേരണക്കേസിൽ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ പ്രാഥമിക നടപടികളടക്കമുള്ളവയിലും കോടതിയാണ് തീരുമാനമെടുക്കേണ്ടത്.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, അന്നത്തെ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം. ഇതുകൂടാതെ കോൺഗ്രസ് ഭരിക്കുന്ന സഹകരണബാങ്കുകളിൽ നിയമനത്തിനായി കോഴ വാങ്ങിയെന്നതടക്കമുള്ള സാമ്പത്തിക ഇടപാടുകളിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ പ്രതിയാക്കി വിജിലൻസ് എടുത്ത കേസിന്റെ നടപടികളും പുരോഗമിക്കുകയാണ്.
