ന്യൂഡൽഹി: ഡൽഹിയിൽ വായുനിലവാരം വീണ്ടും മോശമാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നേരിയ ആശ്വാസം ലഭിച്ചിരുന്നെങ്കിലും വെളളിയാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക 332 ആയി താഴ്ന്നു. ഇതോടെ നഗരം വീണ്ടും അതീവ ഗുരുതര വിഭാഗത്തിലായി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച 234 ആയിരുന്ന എക്യുഐ ആണ് ഒറ്റയടിക്ക് 332-ലേക്ക് ഉയർന്നത്. നഗരത്തിലെ 38 നിരീക്ഷണ കേന്ദ്രങ്ങളിൽ എട്ടെണ്ണത്തിൽ വായുനിലവാരം 400-ന് മുകളിൽ രേഖപ്പെടുത്തി. പൊതുഗതാഗതത്തെയും ട്രയിൻ സർവീസുകളെയും വിമാന സർവീസുകളെയും ഇത് വളരെയേറെ ബാധിക്കുന്നുണ്ട്.
