മുംബൈ: രാജ്യം വിട്ട വ്യവസായി വിജയ് മല്യയോട് ഇന്ത്യയിലേക്ക് എപ്പോൾ തിരികെ വരാനാണ് ഉദ്ദേശിക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. കോടതിയുടെ അധികാര പരിധിയില്‍ എത്താതെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഓഫ്‌ഫെന്‍ഡേഴ്‌സ് ആക്ട് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഓഫ്‌ഫെന്‍ഡര്‍ എന്ന് പ്രഖ്യാപിച്ച ഉത്തരവ് ചോദ്യം ചെയ്തും 2018ലെ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തും രണ്ട് ഹര്‍ജികളാണ് വിജയ് മല്യ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖറും ജസ്റ്റിസ് ഗൗതം അങ്കാഡും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
രാജ്യത്തിന് പുറത്തിരിക്കെ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യാന്‍ നാടുവിട്ടവർക്ക് അനുമതി നല്‍കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. രാജ്യത്തിന് പുറത്തിരുന്ന് അഭിഭാഷകര്‍ വഴി ഹര്‍ജികള്‍ നല്‍കി നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനാണ് എഫ്ഇഒ ആക്ട് കൊണ്ടുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മല്യയെ ഇന്ത്യയിലേക്ക് കൈമാറാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും തുഷാര്‍ മേത്ത അറിയിച്ചു.
